Tales from a Trekking Trail - Justin Jose and Anu GS

By admin Oct 19, 2019 - 12:56

മത്തേരാൻ ഒളിപ്പിച്ച ഗാർബറ്റിനെ തേടി !!!

Garbett Top trek is a moderate hike in the lapse of western Ghats in Maharashtra which starts from Bhivpuri Railway station. One way hike can be completed in 5 hours.!! If you have two days in hand take the way all over to Mumbai's famous Matheran via Garbett on foot !!!
    

മഴമേഘങ്ങൾ അഴക് വിരിച്ച ആകാശവും കണ്ട്.... മാരുതൻ തൻ തഴുകലുമേറ്റ് മഴക്കുളിരിൻ സുഖമറിഞ്ഞ് മഹാരാഷ്ട്രയിലെ  പശ്ചിമഘട്ട മല നിരകളിലൂടെ.......!!

" "

മുംബൈയിൽ എത്തിയപ്പോൾ തന്നെ ഇവിടുത്തെ ട്രെക്കിങ്ങുകളെ പറ്റി തിരച്ചിൽ തുടങ്ങിയിരുന്നു. സഹ്യന്റെ വശ്യസൗന്ദര്യം ഏറ്റവും കൂടുതൽ അറിയാൻ കഴിയുന്ന മഴക്കാലം തന്നെയാണ് മഹാരാഷ്ട്രയിലെ പ്രധാന ട്രെക്കുകളുടെ ഒക്കെ സീസൺ !!!

രണ്ട് ദിവസത്തെ അവധിക്ക് എങ്ങോട്ട് എന്ന ആലോചനയ്ക്ക് ഇടയിലാണ് മത്തേരാൻ എന്ന മഹാരാഷ്ട്രയിലെ ഒരു പ്രധാന ഹിൽ സ്റ്റേഷനെ പറ്റി സുഹൃത്തായ ആഷിക്കിൽ നിന്ന് അറിയുന്നത്. മാത്രമല്ല നമ്മുടെ കൈയിൽ രണ്ട് ദിവസം ഉള്ളത് കൊണ്ട് ഒരു ദിവസത്തെ ഗാർബറ്റ് പോയിന്റ് ട്രെക്ക് ചെയ്ത് മത്തേരാനിൽ എത്താം എന്ന പ്ലാനിലെത്തി. 

ഞായറാഴ്ച രാവിലെ ലോക്കൽ ട്രയിനിലെ തിക്കിലും തിരക്കിലും ആകാശത്തിനും ഭൂമിയ്ക്കും ഇടയിൽ തൂങ്ങിക്കിടന്ന് ഒരു വിധത്തിൽ ഭിവ്പുരി റെയിൽവേ സ്റ്റേഷൻ എത്തി. കല്യാൺ സ്റ്റേഷൻ കഴിഞ്ഞപ്പോൾ മുതൽ തന്നെ ഭൂപ്രകൃതിയിൽ വ്യത്യാസം കണ്ട് തുടങ്ങി. 

" "

മുംബൈയിലെ തിരക്കേറിയ റോഡുകൾ ഇല്ല.! അംബരചുംമ്പികളായ കെട്ടിടങ്ങളിൽ നിന്നും ചേരികളിൽ നിന്നും ഗ്രാമങ്ങളിലേക്കുള്ള മാറ്റം.! നാലുവരിപ്പാതകളിൽ നിന്ന് ചെറിയ റോഡുകളിലേക്കും  നടപ്പാതകളിലേക്കുള്ള മാറ്റം!! എല്ലാത്തിനുമുപരി പച്ചപ്പട്ട് വിരിച്ച മലകൾ ദൂരെ ദൃശ്യമായി തുടങ്ങിയിരുന്നു. 

ഭിവ്പുരി സ്റ്റേഷനിൽ നിന്നാണ് തുടക്കം. സമയം 9:30. മരതക മലകളുടെ പശ്ചാത്തലത്തിൽ റെയിൽവേ ട്രാക്കിന് കുറുകെ നിന്ന് ഞങ്ങൾ ഒന്ന് രണ്ട് സെൽഫി പകർത്തി. ഐശ്വര്യമായി ചാറ്റൽമഴ നൽകിയ മഴത്തുള്ളികൾ ശിരസ്സിൽ ഏറ്റു ഞങ്ങൾ തുടങ്ങി. ഗ്രാമത്തിലെ ചെറിയ കുടിലുകൾ പിന്നിലാക്കി ഞങ്ങൾ മുന്നോട്ടേക്ക് നീങ്ങി.  

പ്രതീക്ഷിച്ചതിലും വേഗം ധോം തടാകം ഞങ്ങൾക്ക് മുന്നിൽ എത്തി. അങ്ങ് ദൂരെ മരതക മലകൾ. മുന്നിൽ ശാന്ത മനോഹരമായ ആ തടാകം. ചീവിടുകളുടെ നിലക്കാത്ത ശബ്ദം കേൾക്കാം.  ബാക്കി എല്ലാം നിശ്ചലമാണ്. അവിടെ എത്തിയ ഞങ്ങളും ആ മൂകതയുടെ ഭാഗമായി.

അവിടുന്ന് പിന്നെയും മുന്നോട്ട് !! ആ മനോഹരമായ തടാകത്തിനെ ചുറ്റിയാണ് ഞങ്ങളുടെ ട്രെക്കിങ് ട്രെയിൽ. തടാകത്തിന് കുറുകെയായി വഞ്ചി പോകുന്നുണ്ട്. ട്രെക്കിങ്ങിന് താൽപര്യമില്ലാത്തവർക്ക് ആ വള്ളക്കാരൻ തോണി തുഴഞ്ഞ് തടാകത്തിലൂടെ ഒരു സവാരി പ്രദാനം ചെയ്ത് മടക്കി അയയ്ക്കുന്നു.

" "

മുന്നോട്ട് നടന്ന ഞങ്ങൾക്ക് അങ്ങിങ്ങായി വെള്ളച്ചാട്ടങ്ങൾ ദൃശ്യമായിത്തുടങ്ങിയിരുന്നു. ഇത് തന്നെയാണ് മൺസൂൺ ട്രെക്കിങ്ങിന്റെ പ്രത്യേകത. എവിടെ നിന്നെന്നില്ലാതെ ഉറപൊട്ടി ഒഴുകുന്ന പാലരുവികൾ!! ഉയരത്തിൽ നിന്ന് താഴേക്ക് അവ വരി വരിയായി ഒഴുകി വീഴുമ്പോൾ കോടമഞ്ഞിനാൽ തലപ്പാവണിഞ്ഞ പച്ച പരവതാനി ഉടുത്ത മലകളിലൂടെ ആകാശത്തിൽ നിന്നും പാൽ ഒഴുകി വരുന്നതു പോലെ!!

നടക്കാൻ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. ചെറിയ വഴികൾ ആണെങ്കിലും നിരന്ന സ്ഥലങ്ങൾ തന്നെയാണ്. അധികം കയറ്റങ്ങൾ ഒന്നുമില്ല. പെട്ടെന്ന് മുന്നിലേക്ക് നോക്കുമ്പോൾ  ദേ കുത്തൊഴുക്കുള്ള ഒരു പുഴ. ഈശ്വരാ പെട്ടു!! ഷൂ ഒക്കെ ഊരി കയ്യിൽ പിടിച്ച് ചെറിയ മനുഷ്യ ചങ്ങല തീർത്ത് ഞങ്ങൾ മെല്ലെ മെല്ലെ പുഴ കടന്ന് ഇക്കരെ എത്തി. കഷ്ടപ്പെട്ട് ഞങ്ങൾ പുഴ കടന്നപ്പോൾ ഒരു കൂസലുമില്ലാതെ കൂളായി പുഴ കടക്കുന്ന അവിടുത്തെ നാട്ടുകാരെ കണ്ടു ഞങ്ങൾ വാ പൊളിച്ചു നിന്നുപോയി. അവിടെ നിന്ന് കുറച്ച് കയറാൻ ഉണ്ട്.  സാരമില്ല എന്ന് കരുതി ഞങ്ങൾ പതിയെ പതിയെ കയറിത്തുടങ്ങി.  

അതുവരെ എല്ലാം സ്ലോമോഷനിൽ ആയിരുന്നു. ചിത്രങ്ങളൊക്കെ ക്യാമറയിൽ പകർത്തി വളരെ പതുക്കെ നടക്കുമ്പോഴാണ് രണ്ട് ഗ്രാമീണരെ കണ്ടത്. വെറുതെ ചോദിച്ചു- 
    "ഗാർബറ്റ് പോയിൻറ് എവിടെയാണ് ഭയ്യാ?"

അങ്ങകലെ മൂന്നുനാല് മലകൾക്ക് അപ്പുറത്തുള്ള മല ചൂണ്ടി അവർ പറഞ്ഞു- 
    "അതാണ് ഗാർബറ്റ്  പോയിൻറ്!!"

എത്താൻ ഏകദേശം 3 മണിക്കൂർ കൂടെ എടുക്കും എന്ന് കൂടെ കേട്ടപ്പോൾ ശെരിയ്ക്കും അന്ധാളിച്ച് പോയി....

 "നമ്മൾക്ക് പറ്റും! നമ്മളെക്കൊണ്ടേ പറ്റൂ!!🙊" 
 ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു! 😀😀

 പിന്നെ നടത്തത്തിന് വേഗത കൂട്ടി.! കൂട്ടിയേ പറ്റു അതായിരുന്നു അവസ്ഥ. 

" "

കണ്ണുകൾക്ക് കുളിർമയേകി പച്ചപ്പേറിയ പ്രകൃതി ഞങ്ങളെ കൂടുതൽ കൂടുതൽ വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു. അത്രയും ഉയരത്തിൽ ഉള്ള നെൽകൃഷി ആയിരുന്നു മറ്റൊരു അത്ഭുതം. വളർന്നു കതിരേകി പ്രകൃതിയുടെ പാട്ടിൻ്റെ താളത്തിനൊത്തു നൃത്തംചെയ്യുന്ന ആ പുൽക്കൊടികൾ കാണാൻ തന്നെ ഒരു ചേലാണ്!!

വഴിയൊന്നും കാണാനില്ല. ഞങ്ങൾ മൂന്നു പേരല്ലാതെ അവിടെയെങ്ങും വേറെ ആരെയും കാണാനില്ലതാനും. വയലിൽ ബണ്ട് വെച്ചതിൽ കൂടിയും വെള്ളം ഒഴുകി പോകുന്ന ചാലുകളും ഒക്കെ വഴി ആക്കി മാറ്റി ഞങ്ങൾ മുന്നോട്ടു തുടർന്നു. 

കുറച്ചു മുന്നോട്ടു നടന്നപ്പോൾ ദൂരെ മൂന്നു നാല് വീട് ദൃശ്യമായി. അതു ലക്ഷ്യമാക്കി നടന്ന ഞങ്ങളുടെ എതിരെ ഒരു അമ്മച്ചി നടന്നു വരുന്നുണ്ടായിരുന്നു. ഞങ്ങൾ ഗാർബറ്റ്  പോയിൻറ് ലേക്കുള്ള വഴി ചോദിച്ചു. അവർക്ക് ഹിന്ദി അറിയില്ല. മറാട്ടി ഭാഷ ആണെന്ന് തോന്നുന്നു, ഉറപ്പില്ല. ഞങ്ങൾക്കും അറിയില്ല. ഏതായാലും ആംഗ്യ ഭാഷയിലൂടെ ഒക്കെ മനസ്സിലായ ദിശ വെച്ച് വീണ്ടും നടന്നു. 

ഏതൊക്കെയോ വീടുകളുടെ പിന്നാമ്പുറത്തു കൂടെ കറങ്ങി, അവസാനം സന്ദീപ് ഹോമിൽ എത്തി. സന്ദീപ് ഹോം- ട്രക്കിങ്ങ്കാരെ ഉദ്ദേശിച്ച് വീട്ടിൽ തന്നെ ഒരു ചായക്കട സെറ്റപ്പ്. അതാണ് സംഭവം. ഈ ട്രെക്കിന് ഇടയ്ക്ക് ഞങ്ങൾ കണ്ട ആദ്യത്തെ ചായക്കട ഇതുതന്നെയായിരുന്നു. ഞങ്ങൾ അവിടെ നിന്നും ചായയും നാരങ്ങാവെള്ളവും ഒക്കെ കുടിച്ച് വീണ്ടും നടന്നു. 

" "

പിന്നേയും മലകയറ്റം തന്നെ. പലസ്ഥലത്തും പുഴകളും ചാലുകളും മറികടന്ന് വേണം നടക്കാൻ. കാലുകൾ പരാതി പറഞ്ഞുകൊണ്ടിരുന്നു. എന്തായാലും ഇനിയും ഒരുപാട് നടക്കാനുണ്ട് എന്ന സത്യം ഞങ്ങൾ മനസ്സിലാക്കിയിരുന്നു. 

അപ്പുറത്തെ മലയിലെ മരച്ചുവട്ടിൽ ചെറിയ കൂണുകൾ പോലെ ഞങ്ങൾ 2-3 ആളുകളെ കണ്ടു. വേദനയോടെ ഞങ്ങൾ ആ സത്യം മനസ്സിലാക്കി - ആ കാണുന്ന മലയും ഞങ്ങൾക്ക് കയറേണ്ടത് തന്നെ.!!

കുത്തനെയുള്ള മലകൾ.!! കയറ്റം ബുദ്ധിമുട്ട് തന്നെയായിരുന്നു. പുറകെ തിരിഞ്ഞ് നോക്കുമ്പോൾ പ്രകൃതി ഒരുക്കുന്ന ആ വിരുന്ന് കണ്ണുകൾക്കും മനസ്സിനും കുളിര് തന്ന് മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജമേകി. മഴയും അത്യാവശ്യം ശക്തിയായി തുടങ്ങിയിരുന്നു. ബാഗുകളെ മഴ കവറുകൾ അണിയിച്ച് സ്വയം നനഞ്ഞ് ഞങ്ങൾ മുന്നോട്ട് നീങ്ങി. മഴ കാരണം കല്ലുകളൊക്കെ പായൽ പുരണ്ട് നല്ല വഴുക്കൽ നിറഞ്ഞും വഴികൾ ചെളി കുണ്ടുകളും ആയി മാറിയിരുന്നു. ഇത് നടത്തത്തെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി. വളരെ ശ്രദ്ധയോടെ സാവധാനം മാത്രമേ നടക്കാൻ കഴിയൂ. അല്ലെങ്കിൽ അടി തെറ്റി കയറിയ മല മുഴുവനും മുകളിലാക്കി തെന്നി താഴെക്ക് വീണേക്കും.

" "

അങ്ങനെയുള്ള 2 - 3 മലകൾ കടന്ന് ഒടുവിൽ ഞങ്ങൾ എത്തി - ഫോട്ടോകളിലൂടെ ഒരുപാട് കൊതിപ്പിച്ചിരുന്ന ആ മരതക പീഢഭൂമിയിൽ - അതേ, ഗാർബറ്റ് പ്ലേറ്റു (Garbett Plateau)!!

കണ്ണുകളെ വിശ്വസിക്കാൻ വയ്യ. ഏതോ മഹാനായ കലാകാരൻ വരച്ച  ഒരു ചിത്രം പോലെ!! ഗ്രാഫിക്സ് ഒക്കെ വച്ചു നിർമിച്ച ഡെസ്ക്ടോപ്പ് ചിത്രം പോലെ!! അതേ ഏതോ സ്വപ്ന ലോകത്തിൽ എന്നത് പോലെ!! മനോഹരം ഈ പച്ചപ്പ്, മനോഹരം ഈ പീഠ ഭൂമി!!

ദൂരെ നാല് ചുറ്റും മരതക മലകൾ!! അതിൽ നിന്ന് താഴേക്ക് ഒഴുകുന്ന എണ്ണിയാൽ തീരാത്ത വെള്ളച്ചാട്ടങ്ങൾ!! അങ്ങകലെ പേരറിയാത്ത ഒരു വലിയ തടാകം!! കൂടാതെ പേമാരിയും നമ്മളെ പിടിച്ചു കുലുക്കുന്ന ശക്തമായ കാറ്റും!! ഏല്ലാം കൊണ്ടും പ്രകൃതി അതിന്റെ മൂർദ്ധന്യതയിൽ- ഭംഗി കൊണ്ടും ശക്തി കൊണ്ടും!!!

ഓടിയും ചാടിയും ഇരുന്നും ഒക്കെ പകർത്തിയത് ഒരുപാട് ഫോട്ടോകൾ. ഇന്റർനെറ്റിലൂടെ പരതി കണ്ടു കൊതിച്ച ഫ്രെയ്മുകൾ നേരിൽ കണ്ട നിമിഷം!! 

ഏതായാലും ഇനിയുമുണ്ട് ഗാർബെറ്റ് ടോപ്പിലേക്ക്!! അവിടെ പുല്ല് പറിച്ചുകൊണ്ടിരിക്കുന്ന ഗ്രാമീണർ ചൂണ്ടിക്കാട്ടി- "അതാണ് ഗാർബെറ്റ് പോയിന്റ്"!!

സംഭവം അത് തന്നെ. പക്ഷെ കുത്തനെയുള്ള ഒരു മല. ഏയ്. ഇങ്ങനെ കുത്തനെ ആയിരിക്കില്ല കയറാനുള്ള വഴി എന്ന് കരുതി. അവസാനം ആ സത്യം ഞങ്ങൾ മനസിലാക്കി, അത് തന്നെയാണ് വഴി - കുത്തനെയുള്ള ഒരു മല കയറണം!!

തുടക്കത്തിൽ ഒരു Trail ഒക്കെ ഉണ്ട്. പിന്നെ എന്താ എങ്ങോട്ടാ എന്നൊന്നും മനസിലാകുന്നില്ല. പാറകൾ മാത്രം. അതും മഴ പെയ്തു പായൽ പിടിച്ചു കിടക്കുന്ന പാറകൾ.. ദൂരത്തു പോലും ചോദിക്കാൻ ആരുമില്ല. താഴോട്ട് ഇറങ്ങുന്നത് ആലോചിക്കാനും വയ്യ. മുകളിലേക്ക് നോക്കാനുള്ള ശക്തിയുമില്ല. എല്ലാ ദൈവങ്ങളെയും മനസ്സിൽ വിളിച്ചു പാറയിൽ പറ്റി പിടിച്ച് വലിഞ്ഞു കയറിയ നിമിഷങ്ങൾ.!!! കൈകൾ വിറച്ചതും ഉള്ള് കുടുങ്ങിയതും ഓർക്കുമ്പോൾ ഇപ്പോഴും പേടിയാകുന്നു. ജീവൻ ആരുടെയോ കയ്യിൽ കൊടുത്ത് ഒരു പിൻബലം ഇല്ലാതെ ആ തെന്നുന്ന പാറകളിൽ ഓരോ ചുവടുകളും വച്ചു മല കയറി ഞങ്ങൾ. വ്യക്തമായ Trekking Trails (ട്രെക്കിങ്ങ് വഴി) ഇല്ലാത്തതിനാൽ ആവും ഇത്രയും അപകടം പിടിച്ചുള്ള ട്രെക്കിങ്ങ് ആദ്യമായി ആയിരുന്നു. പക്ഷെ ഒരു കാര്യം ഉറപ്പ്- ആ പാറകൾക്കു പകരം ഏതോ ഒരു വഴി ഉണ്ടാകും; ഞങ്ങൾക്ക് മുന്നിൽ മറഞ്ഞു നിന്ന ഒരു വഴി !!

" "

ഒടുവിൽ ഞങ്ങൾ എത്തി. എന്തൊക്കെയോ ഭാഗ്യം കൊണ്ട് സുരക്ഷിതരായി ആ കോടമഞ്ഞിന്റെ സുഖമണിയാൻ ഗാർബെറ്റ് ടോപ്പിൽ.!! 

താഴേക്ക് നോക്കിയാൽ ഗാർബെറ്റ് പ്ലേറ്റു കാണാം, താഴ്വാരം കാണാം. അങ്ങ് ദൂരെ പച്ചപ്പട്ടുടുത്ത മലകളും...അതിനു താഴെയായി പച്ചപ്പ് മാത്രം  നിറഞ്ഞ് കാണപ്പെടുന്ന നാലു ചുറ്റുമുള്ള പ്രദേശങ്ങളും...മലകളിലൂടെ വരി വരിയായി ഒഴുകുന്ന പാലരുവികളും വെള്ളച്ചാട്ടങ്ങളും.!! ഇടയ്ക്ക് എല്ലാത്തിനും മുകളിൽ ശക്തമായ എല്ലാവരെയും മറയ്ക്കുന്ന കോട മഞ്ഞും- നിമിഷങ്ങൾക്കുള്ളിൽ മാറുന്ന കോടയും ശക്തനായ മാരുതനും മഴയും എല്ലാം കാട്ടി നൽകി പ്രകൃതി ഞങ്ങളെ അനുഗ്രഹിച്ചു കൊണ്ടേയിരുന്നു. 

സമയം വൈകിട്ട്  അഞ്ച് കഴിഞ്ഞു. ഇരുട്ടേറുന്നു. ആ കാനന പാതയിലൂടെ ഞങ്ങൾ മാത്തേരാൻ ലക്ഷ്യമാക്കി നടന്നു തുടങ്ങി!!!

Written by : Anu G S (AEI batch of 2013)

Read more at: https://www.facebook.com/VTravelblog/